Saturday, 13 June 2015

Les Diaboliques(1955)

ഭീതിജനകമായ  അന്തരീക്ഷത്തില്‍  കഥ  പറയുന്ന  ഒരു  അസാധാരണ  മര്‍ഡര്‍ മിസ്റ്ററി  ഫിലിം .
ദി  വേജസ്  ഓഫ്  ഫിയര്‍  എന്ന  അഡ്വഞ്ചര്‍  ത്രില്ലെറിന്  ശേഷം ഹെന്രി  ജോര്‍ജ്  ക്ലുസോട്ട്  സംവിധാനം  ചെയ്ത  ചിത്രമാണ്  ലെസ്  ഡയബോളിക്സ് . ഹൊറര്‍  ക്രൈം ,മിസ്റ്ററി ,ത്രില്ലെര്‍  ജോണറുകളെ  സമന്വയിപ്പിച്ച് ഒരുക്കിയ  ഒരു  അപൂര്‍വ  ചിത്രം . ഒരു  ഫ്രഞ്ച്  നോവലിനെ  ആധാരമാക്കിയാണ്  ചിത്രം  ഒരുക്കിയിരിക്കുന്നത്  .നോവല്‍  വായിച്ചു  ഇഷ്ട്ടപ്പെട്ട  ആല്‍ഫ്രഡ്‌ ഹിച്കോക്കിന്    ഈ  ചിത്രം  ചെയ്യണമെന്നു  ആഗ്രഹമുണ്ടായിരുന്നു  .എന്നാല്‍  ഹിച്ച്കോക്കിന്  മുന്‍പേ  ക്ലുസോട്ട്  നോവല്‍  ചിത്രമാക്കാനുള്ള  റൈറ്റ്സ്  വാങ്ങി  കഴിഞ്ഞിരുന്നു  . എക്കാലത്തെയും  മികച്ച  ഒരു  സസ്പെന്‍സ്   ത്രില്ലെര്‍  ഒരുക്കാന്‍  ക്ലുസോട്ടിനു  സാധിച്ചു  . ഹിച്ച്കോക്ക്  ചെയ്തിരുന്നെങ്കില്‍  പോലും  ഇതിലും  മികച്ചതാക്കാന്‍  കഴിയുമായിരുന്നു  എന്ന്  തോന്നുന്നില്ല  . 

1950 കളിലെ ഒരു   ഫ്രഞ്ച് ബോര്‍ഡിംഗ്  സ്കൂളിനെ  കേന്ദ്രീകരിച്ചാണ്  കഥ  പറയുന്നത് . പരുഷ സ്വഭാവക്കാരനായ  മിഷേല്‍  ആണ്  സ്കൂള്‍  നടത്തികൊണ്ട്  പോകുന്നത് .    മിഷേലിന്റെ  ഭാര്യയും  സ്കൂളിലെ  ടീച്ചറുമായ  ക്രിസ്റ്റിനയാണ്  സ്കൂളിന്റെ  യഥാര്‍ത്ഥ  ഉടമ .സ്കൂളിലെ  മറ്റൊരു  ടീച്ചര്‍  ആയ  നികോള്‍  ഹോര്‍ണരുമായുള്ള  ബന്ധം  പരസ്യമായ  രഹസ്യമാണ്  .   തന്റെ  ഭാരതാവിന്റെ  കാമുകിയായ  നിക്കോളുമായി  ക്രിസ്റ്റിന നല്ലൊരു  ചങ്ങാത്തം  സ്ഥാപിച്ചതായി  ചിത്രത്തിന്റെ  ആദ്യരംഗങ്ങളില്‍  കാണാം   .   ഇവരെ  ഒരുമിച്ചു  നിര്‍ത്തുന്നതിന്റെ  പ്രധാന  കാരണം  മിഷേലിനോട്  ഇരുവര്‍ക്കുമുള്ള  വെറുപ്പ്‌  ആയിരുന്നു .ഇരുവരുടെയും  ജീവിതത്തിലെ  കറുത്ത  അദ്ധ്യായമായ  മിശേലിനെ  ഇല്ലാതാക്കാനുള്ള  ഐഡിയ  ആദ്യമായി  മുന്നോട്ടു  വെച്ചത്  നിക്കോള്‍  ആണ് . സ്വതവേ  മനോബലം  കുറവുള്ള  ക്രിസ്റ്റിന  ഇതിനോട്  വിയോജിപ്പ്  പ്രകടിപ്പിച്ചെങ്കിലും  സാഹചര്യങ്ങളുടെ  സമ്മര്‍ദം  മൂലം  ഭര്‍ത്താവിനെ  കൊലപ്പെടുത്താന്‍  ഒടുവില്‍  തയ്യാറാകുന്നു  .ദൂരെയുള്ള  നിക്കോളിന്റെ  അപ്പാര്‍ട്ട്മെന്റിലേക്ക്  മിഷേലിനെ  വിളിച്ചു വരുത്തുകയായിരുന്നു  ആദ്യ  പടി .   മദ്യത്തില്‍  മയക്കു  പൊടി  ചേര്‍ത്ത്  മിഷേലിന്റെ  ബോധം  നഷ്ട്ടപ്പെടുതിയത്തിനു   ശേഷം   ഇരുവരും  ചേര്‍ന്ന്  ബാത്ത് ടബ്ബില്‍  ശ്വാസം  മുട്ടിച്ചു  കൊലപ്പെടുത്തുന്നു  .സ്കൂളിലെ  സ്വിമ്മിംഗ്  പൂളില്‍  ആരുമറിയാതെ  ശവം  കൊണ്ടിടുകയായിരുന്നു  അടുത്ത  നടപടി . എല്ലാം  പെര്‍ഫെക്റ്റ്  ആയി  പഴുതുകളില്ലാതെ  പൂര്‍ത്തിയാക്കി .
  പിറ്റേന്ന്    ശവം  ആരുടേയെങ്കിലും   ശ്രദ്ധയില്‍  പെടും  എന്ന പ്രതീക്ഷയില്‍  ടെന്‍ഷനോടെ ഇരുവരും  കാത്തിരിപ്പ്  തുടങ്ങി  .   എന്നാല്‍   ശവം  മിസ്സിംഗ്‌  ആണ് എന്ന ഞെട്ടിപ്പിക്കുന്ന സത്യം ഭീതിയോടെ  അവര്‍  മനസിലാക്കി   . വിചിത്രമായ സംഭവങ്ങളാണ്  പിന്നീട് അരങ്ങേറുന്നത് .ഭയാനകമായ  ഒരു  അന്തരീക്ഷത്തിലേക്ക്  ചിത്രം  വഴി  മാറുന്നു . മിഷേലിന്റെ  ഒരു  അദൃശ്യ  സാമീപ്യം  അവരെ  വേട്ടയാടുന്ന  പോലെ  ഇരുവര്‍ക്കും  അനുഭവപ്പെടാന്‍  തുടങ്ങുന്നു  .

 ആകാംഷയുടെ  മുള്‍മുനയില്‍  നിര്‍ത്തുന്ന  തരത്തില്‍  ആണ് ചിത്രത്തിന്റെ   ക്ലൈമാക്സ്‌  ഒരുക്കിയിരിക്കുന്നത് . ഷോക്കിംഗ്  ക്ലൈമാക്സ്‌  എന്ന്  തന്നെ  വിശേഷിപ്പിക്കാം . ചിത്രത്തിന്റെ  സസ്പെന്‍സ്  ഒട്ടും  ചോരാത്ത  തരത്തില്‍  വളരെ  മിതത്വത്തോടെ  മികച്ച  രീതിയില്‍  ചിത്രം  ഒരുക്കാന്‍  ക്ലുസോട്ടിനു  സാധിച്ചിട്ടുണ്ട് .ചിത്രത്തില്‍  അഭിനയിച്ചവരും  മികച്ച  പ്രകടനം  കാഴ്ച വെച്ചിട്ടുണ്ട് .

എക്കാലത്തെയും  മികച്ച  ത്രില്ലെറുകളില്‍  ഈ  ഫ്രഞ്ച്  ചിത്രത്തിന്റെ  സ്ഥാനം  മുന്‍നിരയില്‍  തന്നെ  കാണും .എന്നെ  വിസ്മയിപ്പിച്ച  ബ്ലാക്ക്‌  ആന്‍ഡ്‌  വൈറ്റ്  ചിത്രങ്ങളുടെ  ലിസ്റ്റിലേക്ക്  ഒരെണ്ണം  കൂടി .
തീര്‍ച്ചയായും  കണ്ടിരിക്കേണ്ട  ഒരു  ചിത്രം .
IMDB:8.2/10
RT:97%       

     

Friday, 12 June 2015

Who's Afraid of Virginia Woolf? (1966)

ഹൂ  ഈസ്‌  അഫ്രൈഡ്  ഓഫ്  വിര്‍ജിനിയ  വൂള്‍ഫ്?  ഈ  പേരില്‍  തുടങ്ങുന്നു  ചിത്രത്തിന്റെ  മഹാത്മ്യം  .ചിത്രത്തിന്റെ  രസകരമായ  എന്നാല്‍  സങ്കീര്‍ണമായ  സ്വഭാവം  ഈ  ടൈറ്റിലില്‍  തന്നെ  ഒളിഞ്ഞു  കിടപ്പുണ്ട് .
ജോര്‍ജ് -മാര്‍ത്ത  ദമ്പതികളുടെ  വസതിയിലെ  ഒരു രാത്രിയില്‍  നടക്കുന്ന  സംഭവവികാസങ്ങള്‍  ആണ്  ചിത്രം  പറയുന്നത് .

ഇംഗ്ലണ്ടിലെ ഒരു  കോളേജിലെ  ഹിസ്റ്ററി  പ്രോഫെസര്‍  ആണ്  ജോര്‍ജ് .അതെ  കോളേജിലെ  പ്രസിഡനടിന്റെ  മകള്‍  ആയ  മാര്‍ത്ത  ആണ്  ജോര്‍ജിന്റെ  ഭാര്യ .വാര്ധക്യത്തിലേക്ക്  കാലെടുത്തു വെക്കുന്ന  ഈ  ദമ്പതികളുടെ  റിലേഷന്‍ഷിപ്‌ കുറച്ചധികം  സങ്കീര്‍ണതകള്‍  നിറഞ്ഞതാണ്‌ . അവരുടെ  ഇമോഷണല്‍  ഗെയിംസ് ,പരസ്പരം  മുറിവേല്‍പ്പിക്കാനുള്ള  വാക്പ്രയോഗങ്ങള്‍    ഒക്കെ  ആദ്യ  രംഗങ്ങളില്‍  തന്നെ  പ്രേക്ഷകര്‍ക്ക്‌  കാണാം .  ഈ  രാത്രിയില്‍  അവര്‍ക്ക്  രണ്ടു  അതിഥികള്‍  കൂടിയുണ്ട്  .കോളേജില്‍  പുതുതായി  വന്ന  ബയോളജി  പ്രോഫെസര്‍  നിക്ക്  ,പിന്നെ  അയാളുടെ  ഭാര്യ  ഹണി .വൈകാതെ  നിക്കും  ഹണിയും  എത്തി ചേരുന്നു  . അതിഥി സല്‍ക്കാരതിനിടക്ക് ജോര്‍ജും  മാര്‍ത്തയും  വാചക  കസര്‍ത്ത് ആരംഭിക്കുന്നു . ഇതിനിടയ്ക്ക്  മാര്‍ത്ത  തന്റെ  ഭര്‍ത്താവിനെ  അതിഥികളുടെ  മുന്നില്‍  വെച്ച്  തരം  താഴ്ത്തുന്ന രീതിയില്‍  സംസാരിക്കുന്നു . ഇതെല്ലാം  വിരുന്നുകാര്‍ക്കു  ആദ്യം  അമ്പരപ്പ്  ഉണ്ടാക്കുന്നു   . എന്നാല്‍  പിന്നീട്  അതിഥികളും  അവരുടെ  ഇമോഷണല്‍  ഗെയിംസില്‍  പങ്കാളികളാകുന്നു .ലഹരിയില്‍  മുങ്ങിയ   രസകരമായ  ഒരു രാത്രിയുടെ  തുടക്കമായിരുന്നു അത് . 

ആകെ  4  കഥാപത്രങ്ങള്‍  മാത്രമാണ്  ചിത്രത്തിലുള്ളത്  .ചുരുങ്ങിയ  കഥാപാത്രങ്ങളെ വെച്ച്   ഒരു  രാത്രി  മാത്രം  നടക്കുന്ന സംഭവങ്ങള്‍  രണ്ടു മണിക്കൂറില്‍  ഒട്ടും  ബോറടിപ്പിക്കാതെ  പറഞ്ഞിട്ടുണ്ട്  ചിത്രം  . സസ്പെന്‍സ്  നില നിര്‍ത്തി കൊണ്ടുള്ള  ഒരു  മികച്ച  ക്ലൈമാക്സ്‌ ആണ്  ചിത്രത്തിനുള്ളത്  .      
ഒരു  കാലഘട്ടത്തിലെ  സൌന്ദര്യ ചിഹ്നമായിരുന്ന  എലിസബത്ത്‌  ടൈലര്‍  ആണ്  മാര്‍ത്തയുടെ  വേഷം  അവതരിപ്പിച്ചത് . മാര്‍ത്ത എന്ന കോമ്പ്ലെക്സ്  കഥാപാത്രത്തെ  അനശ്വരമാക്കിയതിനു  എലിസബത്ത്‌  ടൈലറിന്  ആ  വര്‍ഷത്തെ  ബെസ്റ്റ്  ആക്ട്രെസ്  അക്കാദമി  പുരസ്കാരവും  ലഭിച്ചു .റിച്ചാര്‍ഡ്‌  ബര്‍ട്ടന്‍,  ജോര്‍ജ്  എന്ന കഥാപാത്രത്തെ  എപ്പോഴത്തെയും  പോലെ  മികച്ചതാക്കിയിട്ടുണ്ട് . ചിത്രത്തിന്  13  ഓസ്കാര്‍  നോമിനേഷന്‍  ഉണ്ടായിരുന്നെങ്കിലും  അഞ്ചെണ്ണം  ആണ്  വിന്‍ ചെയ്തത്  . മൈക്ക്  നിക്കോള്‍സ്  എന്ന സംവിധായകന്‍  ഒരു  തുടക്കക്കാരന്‍  എന്ന്  തോന്നിപ്പിക്കാത്ത  വിധം  മികച്ചതാക്കി  ചിത്രം  ചെയ്തിട്ടുണ്ട്  .പുള്ളിയുടെ  കരിയറിലെ  മികച്ച  ഫിലിം ഇത്  തന്നെയാണെന്ന്  ഞാന്‍  വിശ്വസിക്കുന്നു  . 

മികച്ച  തിരക്കഥ കൊണ്ടും  അഭിനയ പ്രകടങ്ങള്‍  കൊണ്ടും  സമ്പന്നമായ  ഒരു  ബ്ലാക്ക്‌  കോമഡി  ഡ്രാമ . തീര്‍ച്ചയായും  കാണുക .              

IMDB:8.1/10
RT:94%