Sunday, 15 May 2016

The Virgin Spring (1960)


  സ്വീഡനിലെ  ചര്‍ണാ എന്ന പ്രദേശത്ത്  സ്ഥിതി  ചെയ്യുന്ന  ചര്‍ച്  രൂപപ്പെട്ടതെങ്ങനെയെന്നു  ചൊല്ലി  പ്രസിദ്ധമായൊരു   നാടോടി  കഥയുണ്ട്  ."വാങ്ങിലെ ടോറെയുടെ  പെണ്മക്കള്‍"  എന്ന  പേരില്‍  അറിയപ്പെടുന്ന  ഈ  കഥ  പാഗനിസത്തില്‍  നിന്നും  ക്രിസ്റ്റ്യാനിറ്റിയുടെ  മഹത്വം  വിളിച്ചോതുന്നതാണ് .  ബെര്‍ഗ്മാന്റെ  ഫൈത്ത്  ട്രിളോജി യുടെ  തൊട്ടുമുന്‍പായി  ചെയ്ത  വിര്‍ജിന്‍  സ്പ്രിംഗ്  എന്ന ചിത്രം  ഈ  നാടോടി കഥയെ  ബേസ്‌  ചെയ്താണ്  ഒരുക്കിയിരിക്കുന്നത് .  പന്ത്രണ്ടാം  നൂറ്റാണ്ടിലെ  മധ്യകാല സ്വീഡനില്‍ ആണ്  കഥ  നടക്കുന്നത്  (ബെര്‍ഗ്മാന്റെ  തന്നെ  സെവന്‍ത്ത്  സീല്‍  ആധാരമാക്കിയിട്ടുള്ള   കാലഘട്ടം ).ഒറ്റനോട്ടത്തില്‍  ബെര്‍ഗ്മാന്റെ  ലളിതമായ  ചിത്രം  എന്ന്  തോന്നികുമെങ്കിലും  വളരെയധികം സങ്കീര്‍ണമായ  വിഷയങ്ങള്‍  ആണ്  ചിത്രം  കൈകാര്യം  ചെയ്യുന്നത് .   

                    മതവിശ്വാസത്തില്‍  കണിശക്കാരായ  ക്രിസ്തീയ  കുടുംബത്തിലെക്കാണ് ഇത്തവണ  ബെര്‍ഗ്മന്‍  പ്രേക്ഷകരേ   ക്ഷണിക്കുന്നത്  . വലിയൊരു  ഭൂപ്രദേശത്തിന്റെ ഉടമയായ ടോറെ ഭാര്യ മാരെറ്റക്കും  മകള്‍ കാരിനും  വളര്‍ത്തു മകള്‍ ഇന്ഗെരിക്കുമൊപ്പം  പ്രൌഡമായ  ജീവിതം  ആണ്  നയിക്കുന്നത് . സ്വന്തം മകളായ കാരിനെ ഓര്‍ത്ത്  ടോറെയും  മാരെറ്റയും വളരെയധികം അഭിമാനിക്കുന്നുണ്ട് .ചെറുപ്പത്തിന്റെ  ചുറുചുറുക്ക്  നിഷ്കളങ്കത   ദൈവഭക്തി തുടങ്ങിയ  ഗുണങ്ങള്‍  കൊണ്ട്  എല്ലാവരുടെയും  പ്രിയപ്പെട്ടവളാണ്  കാരിന്‍ . ഒരുപാടു  ലാളനയെറ്റ്  വളരുന്ന  ഏതൊരു  കുട്ടിയേയും  പോലെ  സ്വല്പം  പിടിവാശിയുണ്ടെന്നു  മാത്രം   .ദുരൂഹസ്വഭാവമുള്ള  ഇന്ഗെരി  പക്ഷെ  സന്തോഷകരമായ  ജീവിതം  അല്ല  നയിക്കുന്നത്  എന്ന്  മുഖത്  നിന്നും  വ്യക്തമാണ്‌ .ഭര്‍ത്താവില്ലാതെ  അര്‍ദ്ധഗര്‍ഭിണി  ആയ  ഇന്ഗെരിയെ  ഭരിക്കുന്നത്  വെറുപ്പും  അസൂയയും  ആണ് .  സഹോദരിക്ക്  കിട്ടുന്ന അമിതമായ  വാത്സല്യവും  തന്നോട്  കാണിക്കുന്ന  അവഗണനയും  കാരണം  ഇന്ഗെരിക്ക്  കാരിനോടുള്ള    വെറുപ്പ്‌  അനുദിനം  കൂടിവരുന്നേയുള്ളൂ . ഇന്ഗെരി  പാഗന്‍  വിശ്വാസി  ആണ്  എന്ന്  ചിത്രത്തിന്റെ  ആദ്യ  ഷോട്ടില്‍  തന്നെ  കാണിക്കുന്നുണ്ട് . കാരിനു  നാശം  സംഭവിക്കാനായി   പാഗന്‍  ദൈവമായ  ഓഡിനെ വിളിച്ചു  പ്രാര്‍ത്ഥിക്കുന്നതില്‍  നിന്നും  മനസിലാക്കാം   ഇന്ഗെരിയുടെ  വെറുപ്പിന്റെ  അളവ് . 



                    ദൂരെയുള്ള  ദേവാലയത്തിലേക്ക്  മെഴുകുതിരികള്‍   കൊണ്ട്  പോകാന്‍  വീട്ടിലെ ആരെങ്കിലും   അയക്കുന്നത്  ടോറേയുടെ  കുടുംബാചാരങ്ങളില്‍  ഒന്നാണ് . അതിനായി  കാരിനെ ദേവാലയത്തിലേക്ക് പറഞ്ഞയക്കുന്നു  . ഇന്ഗെരിയും  കാരിന്റെ  കൂടെ  കൂട്ട്  പോകുന്നു .വന നിബിഡമായ  പ്രദേശങ്ങളിലൂടെ  വേണം  പോകാന്‍ . എന്നാല്‍  വഴിയില്‍  വെച്ച്  ഇന്ഗെരി തുടര്‍ന്ന്  പോകാന്‍  വിസമ്മതിക്കുകയും  കാരിന്‍  ഒറ്റക്ക് യാത്ര  തുടരുകയും ചെയ്യുന്നു.  വൈകാതെ  കാരിന്‍  ആടിടയന്മാരായ  മൂന്നു  സഹോദരന്മാരെ  വഴിയില്‍  വെച്ച്  കണ്ടു  മുട്ടുന്നു . സഹോദരന്മാരില്‍  ഒരാള്‍  ചെറിയ   ബാലന്‍  ആണ് . അവരുടെ  പുകഴ്ത്തലുകളില്‍  വീഴുന്ന  കാരിന്‍ അവരെ  ഭക്ഷണം  കഴിക്കാന്‍  ക്ഷണിക്കുന്നു . സൌഹൃദപരമായ അന്തരീക്ഷം  മാറിയത്  പെട്ടെന്നായിരുന്നു . മുതിര്‍ന്ന  രണ്ടു  സഹോദരന്മാരും  കാരിനെ  അതി  ക്രൂരമായി  ലൈംഗികമായി  പീഡിപ്പിക്കുന്നു .  അതെ  സമയം  മനസ്  മാറിയ  ഇന്ഗെരി  സ്ഥലത്തെത്തിയെങ്കിലും  മൃഗീയമായ  ഈ  കാഴ്ച  കണ്ടു  തരിത്ത്  നില്‍ക്കുകയാണ്  ചെയ്തത് .പീഡനത്തിനു  ശേഷം കനത്ത  പ്രഹരമേറ്റ്‌  കാരിന്‍  കൊല്ലപ്പെടുന്നു  . അക്രമികള്‍  കാരിന്റെ വിലകൂടിയ  വസ്ത്രങ്ങള്‍  കൈക്കലാക്കി  സ്ഥലം  വിടുന്നു .  
          
                 മകളെ  കാത്തിരിക്കുന്ന  ടോറെയുടെ വീട്ടിലേക്ക് അന്ന്  രാത്രി  മൂന്നു  വഴിയാത്രക്കാര്‍  അഭയം  ചോദിച്ചെത്തി . തന്റെ  മകള്‍  മരിച്ചെന്നോ  മരണത്തിനുത്തരവാദികള്‍  ആണ്  തനിക്കു  മുന്നില്‍  ഉള്ളത്  എന്നോ  അറിയാതെ  ടോറെ  അവര്‍ക്ക്  അവിടെ  കിടക്കാന്‍  സൗകര്യവും  ഭക്ഷണവും  തയ്യാറാക്കി  കൊടുക്കുന്നു .  തന്റെ  സഹോദരന്മാരുടെ  അക്രമത്തിനു  സാക്ഷ്യം  വഹിച്ച  ബാലന്‍ വളരെയധികം  ഭയചകിതനായി  പെരുമാറുന്നു .  സഹോദരന്മാരിലൊരാള്‍  കാരിന്റെ  വസ്ത്രങ്ങള്‍  മാരേറ്റയ്ക്ക്  വില്‍ക്കാന്‍  ശ്രമിക്കുന്നു .  തങ്ങള്‍  അഭയം  കൊടുത്തത്  മകളുടെ  ഘാതകര്‍ക്കാണെന്ന്‍ മാരെറ്റ  മനസിലാക്കുന്നുവെങ്കിലും  സംശയത്തിനിട  കൊടുക്കാതെ  അവിടം  നിന്നും  പോകുന്നു . പുറത്തിറങ്ങി  വാതില്‍  അടച്ച  ശേഷം  വിവരം  ടോറെയെ  അറിയിക്കുന്നു .മകളുടെ  മരണവാര്‍ത്ത‍   ടോറെ യെ  തളര്‍ത്തുന്നു . പ്രതികാര നടപടിക്കൊരുങ്ങുന്ന  ടോറെക്ക്  മുന്‍പിലേക്ക്  ഇന്ഗെരി  എത്തുന്നു . കാരിന്റെ  മരണത്തിനു  കാരണം  താന്‍  ആണ്  താന്‍  പ്രാര്‍ത്ഥിച്ചതിന്റെ  ഫലമാണ്‌  എന്ന്  പറയുന്നു . ടോറെയില്‍  ഭാവവ്യത്യാസം  ഒന്നുമുണ്ടായില്ല ., ഇന്ഗെരിയോട്  കുളിക്കാനുള്ള  ചൂടുവെള്ളം  തയ്യാറാക്കാന്‍   ഏല്പിച്ചിട്ട്  വീടിനു  സമീപമുള്ള  ബിര്ച്  മരത്തിന്റെ  തൈ  പിഴുതെടുക്കുന്ന ടോറെയില്‍  മകളെ  നഷ്ട്ടമായ  വേദനയാണോ  അതോ  പ്രതികാരത്തിന്റെ  വെമ്പല്‍  ആണോയെന്നു തീര്‍ച്ചയില്ല . ഇന്ഗെരി  തയ്യാറാക്കിയ  ചൂട്  വെള്ളത്തില്‍    മരത്തിന്റെ  ഇലകള്‍  ഉപയോഗിച്ച്  ആചാരപ്രകരം നടത്തിയ കുളിക്ക്  ശേഷം  മൂവര്‍ സംഘത്തിന്റെ  അടുത്തേക്ക്  ടോറെ   നടന്നടുക്കുന്നു . കുറച്ചു  നിമിഷത്തെ  പിടി  വലിക്കൊടുവില്‍ മുതിര്‍ന്ന    രണ്ടു  സഹോദരന്മാരെയും  ടോറെ  വക  വരുത്തുന്നു . മാരെറ്റ  കൂട്ടത്തിലെ  ബാലനെ  സംരക്ഷിക്കാന്‍  ശ്രമിച്ചെങ്കിലും   പ്രതികാര  ദാഹിയായ  ടോറെ  ബാലനെ  ചുമരിനു  നേരെ  ശക്തിയായി  എറിഞ്ഞു  കൊല്ലുന്നു . 

                  ഇന്ഗെരിയുടെ  നേതൃത്വത്തില്‍  എല്ലാവരും  കൂടെ  കാരിന്‍  മരിച്ചു  കിടക്കുന്ന  സ്ഥലത്തേക്ക്  പുറപ്പെടുന്നു . സംഭവ  സ്ഥലത്തെത്തിയ ടോറെ  തന്റെ  കൈകള്‍  നീട്ടി  ദൈവത്തോട്  പറയുന്നു . നീ  ഇതെല്ലാം  കണ്ടു .നിഷ്കളങ്കയായ  ഒരു  പെണ്‍കുട്ടിയുടെ  ക്രൂര  മരണവും  എന്റെ  പ്രതികാരവുമെല്ലാം നീ  കണ്ടു .  ഈ  ഹീന  നടപടികള്‍ക്ക് എന്തിനു  നീ  അവസരമൊരുക്കി .  എനിക്ക്  നിന്നെ  മനസിലാകുന്നില്ല  ? എന്നിരുന്നാലും  ഞാന്‍  നിന്നോട്  മോചനത്തെ  തേടുന്നു . എനിക്ക്  അതല്ലാതെ സമാധാനത്തോടെ  ജീവിക്കാന്‍  മറ്റൊരു  മാര്‍ഗമറിയില്ല.ഇതേ  സ്ഥലത്ത്  ഞാന്‍  നിനക്ക്  ഒരു  ദേവാലയം  പണിയാം  എന്ന്  വാക്ക്  പറയുന്നു .ശേഷം  മകളുടെ  ശരീരം  എടുക്കാന്‍  ടോറെ തുനിയുന്നു .ചലനമറ്റ  തന്റെ  മകളുടെ  ശരീരം  മണ്ണില്‍  നിന്നുയര്‍ത്തവേ അവളുടെ  തലയ്ക്കടിയില്‍  നിന്നും  നീരുറവ  പ്രവഹിക്കാന്‍  തുടങ്ങി  . അത്ഭുതം  !  അവരുടെ  കുറ്റബോധവും   വേദനകളും  പതിയെ  അലിയിച്ചില്ലാതാക്കാന്‍   അവര്‍  കാത്തിരുന്ന  ദൈവത്തിന്റെ  മറുപടി .  ഇന്ഗെരി  ആ  വെള്ളത്തില്‍  മുഖം  കഴുകി  തന്റെ  വിശ്വാസം  പുതുക്കുന്നു .

                          ഒറിജിനല്‍  സ്റ്റോറിയില്‍  ടോറേയ്ക്ക്   മൂന്നു  പെണ്‍കുട്ടികള്‍  ആയിരുന്നു  ഉള്ളത് ,മൂന്ന്  പേരും കൊല്ലപ്പെടുന്നു . . .ബെര്‍ഗ്മാന്‍  മൂന്നു  പേരെയും  കൂടി  കാരിനില്‍  ഉള്‍കൊള്ളിക്കുകയാണ്  ചെയ്തത് . അത്  പോലെ   ചിത്രത്തിലെ  പ്രധാന  കഥാപാത്രമായ  ഇന്ഗെരി  യഥാര്‍ത്ഥ  കഥയില്‍  ഇല്ല ..  ഇന്ഗെരിയുടെ  കഥാപാത്രമാണ്  ചിത്രത്തെ  കൂടുതല്‍  മികവുറ്റതാക്കുന്നത്  എന്നതാണ്  വാസ്തവം .  
ചിത്രത്തിലെ  റേപ്  സീന്‍   വളരെയധികം   ഡിസ്റ്റര്‍ബിംഗ്  ആണെന്നെ  കാരണം  കൊണ്ട്  പലയിടത്തും  ചിത്രം  ബാന്‍  ചെയ്തിരുന്നു . വെസ്  ക്രാവെന്റെ  1972  ഇലെ  ഹൊറര്‍  ഫിലിം  ലാസ്റ്റ് ഹൌസ്  ഓണ്‍ ദി ലെഫ്റ്റ്  വിര്‍ജിന്‍  സ്പ്രിംഗ്  അടിസ്ഥാനപ്പെടുത്തി  എടുത്ത  ചിത്രമാണ്‌  . വിര്‍ജിന്‍  സ്പ്രിങ്ങിനു  നേരെ  വന്ന  വിമര്‍ശനങ്ങള്‍ക്ക്  കാരണവും  ഈ  പ്രശസ്തമായ  റേപ്  സീന്‍  തന്നെയായിരുന്നു  . ഒരു സാധാ  റിവഞ്ച്  പടമായി  ചിത്രത്തെ  പലരും  വിമര്‍ശിച്ചു  .എന്നാല്‍  ചിത്രം  വെറുമൊരു  റിവഞ്ച്  ചിത്രമല്ല . ദൈവം ,വിശ്വാസം, പാപം ,പ്രായശ്ചിത്തം ,തുടങ്ങിയ  പല  ഹിഡന്‍  തീമുകളും  ചിത്രത്തില്‍  കാണാം . 

             ഒരു  ക്രിസ്ത്യന്‍  റിലിജിയസ്  സ്റ്റോറി  എടുത്തു  ദൈവത്തിന്റെ  അസ്തിത്വത്തെയും നീതിയെയും      ചോദ്യം  ചെയ്യുകയാണ് ബെര്‍ഗ്മാന്‍ ഇവിടെ .ലോകത്തെ  കുറിചറിയാത്ത  ദൈവത്തെ  സ്തുതിച്ചു ജീവിച്ച  നിഷകളങ്കയായ  പെണ്‍കുട്ടി  അതി  ക്രൂരമായി  കൊല്ലപ്പെട്ടതിനു ശേഷം  അച്ഛനായ  ടോറെ ബിര്ച്  ട്രീ  പിഴുതെടുക്കുമ്പോള്‍  അയാളുടെ   വിശ്വാസം  കൂടിയാണ്  ഇളകിയത് . പിന്നീടുണ്ടായ  പ്രതികാര നടപടിക്കു  ശേഷം    അയാളെ കുറ്റബോധം  പിടികൂടുന്നു . സഹോദരി  കണ്മുന്‍പില്‍  കൊല്ലപ്പെട്ടപ്പോള്‍  പ്രതികരിക്കാതെ  നോക്കി  നിന്ന ഇന്ഗെരി  വിശ്വസിക്കുന്നത്  തന്റെ  പ്രാര്‍ത്ഥന  ആണ്  കാരിന്റെ  ഈ  ഗതിക്ക്  കാരണം  എന്നാണ്. അമ്മയായ  മാരെറ്റ  പറയുന്നത്  ദൈവത്തെക്കാള്‍  കൂടുതല്‍  അവര്‍  കാരിനെ  സ്നേഹിച്ചത്  കൊണ്ടാണ് മകള്‍ക്ക്  ഇങ്ങനൊരു  വിധി  ദൈവം  നല്‍കിയത്  എന്നാണ്  .  ഒരു  നിമിഷം  ടോറെ  ദൈവത്തെ  ചോദ്യം  ചെയ്തെങ്കിലും  തൊട്ടടുത്ത  നിമിഷം  അയാള്‍  തന്റെ  കൈ  കൊണ്ട്  അവിടെ  ഒരു  ദേവാലയം  പണിയും  എന്നാണ്  പറയുന്നത് . തന്റെ  ചെയ്തികളോട്  പൊരുത്തപ്പെടാന്‍  അയാള്‍ക്ക്  മറ്റൊരു  മാര്‍ഗം  അറിയാത്തതിനാല്‍  അയാള്‍ക്ക്  മനസിലാകാത്ത  ഒന്നിനെ  അയാള്‍  വിപിന്തുടരുന്നു .തന്റെ  ഏറ്റവും  പ്രിയപ്പെട്ടത് നഷ്ട്ടപ്പെട്ടപ്പോഴും  മാരെറ്റ ദൈവത്തെ   ന്യായീകരിച്ചു  കൊണ്ട്  ഉത്തരവാദിത്വം  സ്വയം  ഏറ്റെടുക്കുകയാണ്  ചെയ്തത്.ഇന്ഗെരി  ആകട്ടെ തന്റെ  ദൈവം ആണ്  ഈ  വിധി  നടപ്പാക്കിയത്  എന്ന്  വിശ്വസിക്കുന്നെങ്കിലും അവള്‍ക്ക്  പോലും  ഉള്‍കൊള്ളാന്‍  കഴിഞ്ഞിട്ടില്ല  എന്നത്  വ്യക്തമാണ് . അവസാനം  നീരുരവയില്‍  സ്വയം  ശുദ്ധീകരിച്ചു  മറ്റൊരു  വിശ്വാസം  പുല്കുകയാണ്  ചെയ്തത് .അവള്‍ക്ക്  കുറ്റബോധം  തോന്നേണ്ടതില്ല ,പക്ഷെ  അവള്‍ പാഗന്‍  ദൈവത്തിന്റെ  നീതിയെ  സംശയിക്കുന്നു. പുതിയ ദൈവത്തിന്റെ  നീതിയില്‍  സംശയം  തോന്നുന്നത്  വരെ  അവളുടെ  വിശ്വാസത്തിനു  ആയുസുള്ളൂ  എന്ന്  ഞാന്‍  കരുതുന്നു  . കാരിന്റെ  തലക്കടിയില്‍  നിന്നും  പ്രവഹിച്ച  നീരുറവ  അവര്‍  കാത്തിരുന്ന  അത്ഭുതം   ആയിരുന്നു.ദൈവത്തില്‍  നിന്നു  എന്തെങ്കിലുമൊരു  തരത്തിലുള്ള  മറുപടി  അവര്‍ പ്രതീക്ഷിച്ചിരുന്നു.നീരുറവക്ക്  പകരം  ശക്തമായ  ഒരു  കാലാവസ്ഥ  വ്യതിയാനം  ആയിരുന്നെങ്കിലും  ദൈവത്തിന്റെ  മറുപടി  ആയെ  അവര്‍  അതിനെ  കാണുകയുള്ളൂ ..നദി  സമീപത്താണ്  ഈ  പ്രദേശം എന്നത്  ചിത്രത്തില്‍  പ്രകടമാണ് . ആ  നീരുറവ  ഒരു  പക്ഷെ  നാച്ചുറല്‍  ആയ  സംഭവം  ആയിരിക്കാം . ഇനി  ദൈവത്തിന്റെ  അത്ഭുതം  ആണെങ്കില്‍  തന്നെ  ഒന്നുമറിയാത്ത  ഒരു  പെണ്‍കുട്ടിയുടെ  മരണത്തിനു  മുന്നില്‍  ഒരു  നീരുരവയുടെ  പ്രസക്തി  എന്താണ് ,അതും  ആവശ്യത്തിലധികം  വെള്ളമുള്ള  പ്രദേശത്  . ബെര്‍ഗ്മാന്‍  പുള്ളിയുടെ  രീതിയില്‍  ദൈവത്തിന്റെ നീതിയെ  വിമര്‍ശിച്ചതാണ്  ആ  രംഗം  എന്ന്  തീര്‍ച്ചയാണ് .  

                 കുറസോവയുടെ  റാഷോമൊന്‍  ചിത്രം  തന്നെ  വളരെയധികം  സ്വധീനിചെന്നും  വിര്‍ജിന്‍  സ്പ്രിംഗില്‍  അത്  പ്രകടമാണെന്നും  ബെര്‍ഗ്മാന്‍  തന്നെ  ഒരവസരത്തില്‍  പറഞ്ഞിട്ടുണ്ട്  . ബര്‍ഗ്മാന്റെ  സ്ഥിരം  സിനിമാറ്റോഗ്രാഫെര്‍  ആയ Sven Nyqvist ഉമായി  ആദ്യമായി  വര്‍ക്ക്  ചെയ്ത  ചിത്രം  എന്ന പ്രത്യേകതയും  വിര്‍ജിന്‍  സ്പ്രിംഗിനുണ്ട് . ആ  വര്‍ഷത്തെ  മികച്ച  ഫോറിന്‍  ചിത്രത്തിനുള്ള  ഓസ്കാര്‍  പുരസ്കാരവും  ചിത്രം  കരസ്ഥമാക്കിയിട്ടുണ്ട് .

IMDB:8.1/10
RT      :94%

No comments:

Post a Comment