സ്വതസിദ്ധമായ ശൈലി കൊണ്ട് ലോക സിനിമയില്‍ സ്വന്തമായ ഒരു ഐഡന്റിറ്റി നേടിയെടുത്ത ഫിന്നിഷ് ഫിലിംമേക്കര്‍ ആണ് അകി കൌറിസ്മാകി . അദ്ദേഹത്തിന്റെ ചിത്രങ്ങളിലെ മിനിമലിസവും ഡെഡ് പാന്‍ ഹ്യൂമറും വളരെ ശ്രദ്ധേയമാണ് . വികാര പ്രകടനങ്ങളും നാടകീയ മുഹൂര്‍ത്തങ്ങളും കൌറിസ്മാക്കി ചിത്രങ്ങളില്‍ പ്രതീക്ഷിക്കണ്ട .
സമൂഹത്തിന്റെ താഴെക്കിടയില്‍ ഉള്ളവരോ ജീവിതത്തില്‍ തോറ്റ് പോയവരോ ഏകാന്തപഥികരോ ഒക്കെ ആയിരിക്കും പുള്ളിയുടെ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ .
വര്‍ക്കിംഗ് ക്ലാസ് സമൂഹത്തെ കേന്ദ്രീകരിച്ച് കൌറിസ്മാകി നിര്‍മിച്ച ഷാഡോസ് ഇന്‍ പാരഡൈസ് ,ഏരിയല്‍ ,മാച്ച് ഫാക്റ്ററി ഗേള്‍ എന്നീ ചിത്രങ്ങളെ പൊതുവേ പറയുന്ന പേരാണ് Proletariat Trilogy. ഫിന്‍ലാന്‍ഡിലെ ഫാക്റ്ററി ജോലിക്കാരുടെ ജീവിതം ഡാര്‍ക്ക് ഹ്യുമറിന്റെ അകമ്പടിയോടെ വരച്ചു കാട്ടുകയാണ് ഈ ട്രിളജിയിലൂടെ . ഒട്ടും ആകര്‍ഷകമല്ലാത്ത കഥാപാത്രങ്ങളെ വെച്ച് രസകരമായ കഥ പറയുന്ന ചിത്രങ്ങള്‍ ആണ് ഇവ മൂന്നും .ഈ ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങളായ ഗാര്‍ബേജ് കളക്റ്ററും കോള്‍ മൈന്‍ ജോലിക്കാരനും തീപ്പെട്ടി കമ്പനിയിലെ സ്റ്റാഫും വിരസമായ ജീവിതം നയിക്കുന്നവരാണ് .ലോകം അവരോടു ക്രൂരത കാണിക്കുമ്പോഴും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ പിശുക്കുന്നവരാണ് .എന്നിരുന്നാലും നിസംഗ ഭാവത്തോടെ അവര്‍ നമ്മളെ വേദനിപ്പിക്കുന്നുണ്ട് ചിരിപ്പിക്കുന്നുണ്ട് . ബാറില്‍ തൊട്ടടുത്തിരുന്നു ശ്രിംഗരിക്കുന്ന അപരിചിതന് എലിവിഷം ഒഴിച്ച് കൊടുക്കുന്ന നായികയെ ഓര്‍ത്ത് ചിരിച്ചിട്ടുണ്ട് പലപ്പോഴും . പിന്നീട് ആയിരിക്കും അവരുടെ ട്രാജഡി ജീവിതം ഓര്‍മയില്‍ വരിക. മിതമായി ഉപയോഗിച്ചിരിക്കുന്ന സംഭാഷണങ്ങളും വല്ലപ്പോഴും മാത്രമുള്ള പശ്ചാത്തല സംഗീതവുമാണ് ഈ ചിത്രങ്ങളുടെ പൊതുവായ മറ്റൊരു സവിശേഷത. ഫിന്‍ലാന്‍ഡിന്റെ ഭൂപ്രകൃതി ഈ ചിത്രങ്ങളുടെ മൂഡ് സെറ്റ് ചെയ്യുന്നതില്‍ വലിയൊരു സ്ഥാനം വഹിക്കുന്നുണ്ട് . കൌറിസ്മാകി ചിത്രങ്ങളിലെ പതിവ് മുഖങ്ങളായ കാത്തി ഊട്ടിനെന്‍ ,മാറ്റി പെലോന്പ എന്നിവര്‍ ട്രിളജിയില്‍ രണ്ടു വീതം ചിത്രങ്ങളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് .
1.Shadows in Paradise (1986)
ഗാര്‍ബേജ് കളക്റ്റര്‍ ആയ നികാണ്ടറിന്റെ ദൈന്യം ദിന കാര്യങ്ങളെ കാണിച്ചു കൊണ്ടാണ് ചിത്രം അരംഭിക്കുനത് . അയാളുടെ യാന്ത്രികമായ ജീവിതം അയാള്‍ ഒട്ടും തന്നെ അസ്വദി ക്കുന്നില്ല എന്നത് ഈ രംഗങ്ങളില്‍ നിന്നും വ്യക്തമാണ് . അയാളുടെ പാര്‍ട്ട്‌നറുടെ തലയില്‍ ഉദിച്ച പുതിയ ബിസിനസിനെ കുറിച്ചുള്ള ചിന്തയാണ് അയാളില്‍ ആകെയുള്ള പ്രതീക്ഷ . എന്നാല്‍ ഹൃദയാഘാതം മൂലം പാര്‍ട്ട്‌നര്‍ മരണപ്പെടുന്നതോടെ എല്ലാ പ്രതീക്ഷകളും നശിച്ചു നികാണ്ടര്‍ തന്റെ ബോറിംഗ് ലൈഫിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതന്‍ ആകുന്നു .അങ്ങനെയിരിക്കെ സൂപ്പര്‍ മാര്‍ക്കറ്റ് സ്റ്റാഫ് ആയ ഇലോന അവിചാരിതമായി അയാളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നു . ഇലോനയുമായുള്ള അയാളുടെ റിലേഷന്‍ അത്രത്തോളം എളുപ്പമുള്ളതായിരുന്നില്ല . ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും പിരിച്ചു വിട്ട ദേഷ്യത്തിന് പണപ്പെട്ടി മോഷ്ട്ടിച്ച ഇലോനയെ സംരക്ഷിക്കാന്‍ അയാള്‍ മടിയൊന്നും കാണിക്കുന്നില്ല. പക്ഷെ അവരുടെ റിലേഷനില്‍ ജോലി തന്നെയാണ് പലപ്പോഴും വില്ലന്‍ ആകുന്നത് . എങ്കിലും എത്ര വെട്ടി മാറ്റിയാലും വീണ്ടും വിളക്കി ചേര്‍ക്കുന്ന എന്തോ ഒരു ഘടകം അവര്‍ക്കിടയില്‍ ഉണ്ടായിരുന്നു .
മാറ്റി പെലോന്പ, കാത്തി ഊട്ടിനെന്‍ എന്നിവരാണ് നികാണ്ടറിന്റെയും ഇലോനയുടെയും വേഷം ചെയ്തിരിക്കുന്നത് . അഭിനയ പാടവം പുറത്തെടുക്കാതെ മനോഹരമായി തങ്ങളുടെ റോളുകള്‍ ചെയ്തിട്ടുണ്ട് ഇരുവരും .ചവറുകള്‍ക്കിടയില്‍ നിന്നും കളഞ്ഞു കിട്ടിയ മ്യൂസിക് റെക്കോര്ഡ് കേള്‍ക്കാനായി മാത്രം പുതു പുത്തന്‍ സ്റ്റീരിയോ വാങ്ങുന്ന രംഗത്തിലൂടെ നികാണ്ടറിന്റെ പ്രവചനാതീതമായ സ്വഭാവം രസകരമായി കാണിക്കുന്നുണ്ട് . ഒരു വേളയില്‍ മാനസികമായി തകര്‍ന്നപ്പോഴും മറ്റൊരു വേളയില്‍ പരിക്കേറ്റ് ഹോസ്പിറ്റലില്‍ ആയപ്പോഴും അതൊന്നുമില്ല എന്ന മട്ടില്‍ നികാണ്ടര്‍ ജോലിക്ക് പോകുന്നത് കാണാം . ഫിന്‍ലന്‍ഡിലെ ആ കാലഘട്ടത്തിലെ തൊഴിലാളികളുടെ അവസ്ഥ ഹ്യുമറില്‍ ചാലിച്ചു അവതരിപ്പിക്കുകയിരിക്കണം കൌറിസ്മാകി അവിടെ .
പിന്നീട് കൌറിസ്മകിയുടെ മുഖമുദ്രയായി അറിയപ്പെട്ട ഫിലിം മേക്കിംഗ് ശൈലിയുടെ തുടക്കം ആയി ചിത്രം കരുതപ്പെടുന്നു .
IMDB: 7.6/10
RT :88%
2.Ariel (1988)
വര്‍ക്കേഴ്സ് ട്രിലജിയിലെ രണ്ടാമതായി ഇറങ്ങിയ ചിത്രമാണ് ഏരിയല്‍. കോള്‍ മൈന്‍ ജോലിക്കാരനായ ടൈസ്റ്റോ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം . കോള്‍ മൈന്‍ ഫാക്റ്ററി അടച്ചു പൂട്ടിയപ്പോള്‍ ജോലി നഷ്ട്ടപ്പെട്ടവരില്‍ ടൈസ്റ്റോയും അയാളുടെ പിതാവും ഉണ്ടായിരുന്നു . ചുമ്മാ വെള്ളമടിച്ചു നടന്നു ജീവിതം നശിപ്പിക്കരുതെന്ന് ടൈസ്റ്റൊയെ ഉപദേശിച്ച ശേഷം പിതാവ് സ്വയം വെടി വെച്ച് മരിക്കുന്ന രംഗം ഒട്ടും വൈകാരികമല്ലാതെ ആണ് സ്ക്രീനില്‍ പകര്‍ത്തിയത് . കൌറിസ്മാകിയുടെ ഡ്രൈ ഹ്യുമര്‍ അവിടം തൊട്ടു തുടങ്ങുന്നു . ശേഷം അച്ഛന്റെ വൈറ്റ് കാഡില്ലാകില്‍ തന്റെ ലൈഫ് സേവിങ്ങ്സുമായി സിറ്റിയിലേക്ക് തിരിക്കുന്ന ടൈസ്റ്റോ വഴിയില്‍ വെച്ച് കൊള്ളയടിക്കപ്പെടുന്നു . പിന്നീട് ജോലി തേടിയും അന്തിയുറങ്ങാന്‍ ചീപ് ഹോട്ടലുകള്‍ തേടിയുമുള്ള യാത്രക്കിടയില്‍ എപ്പോഴോ ആണ് ടൈസ്റ്റോ ഇര്മേലിയെ പരിചയപ്പെടുനത് .ഭര്‍ത്താവുപെക്ഷിച്ചു പോയ ഇര്മേലി രണ്ടറ്റം കൂട്ടിമുട്ടിക്കാനായി പല ജോലികളും മാറി മാറി ചെയ്തു വരികയാണ് . ടൈസ്റ്റൊ ഇര്മേലിയുമായി വളരെ പെട്ടെന്ന് തന്നെ അടുക്കുന്നു. തന്റെ ഭര്‍ത്താവുപേക്ഷിച്ച പോലെ ഉപേക്ഷിച്ചു പോകുമോ എന്ന് ചോദിക്കുന്ന ഇര്മേലിയോടു ഇനിയെപ്പോഴും കൂടെയുണ്ടാകുമെന്നാണ് ടൈസ്റ്റോ പറയുന്നത് . എന്നാല്‍ ടൈസ്റ്റോ അന്യായമായി തടവില്‍ ആകുന്നതോടെ വിധി വീണ്ടും അവരോടു ക്രൂരത കാണിക്കുന്നു .ജയിലില്‍ വെച്ച് ടൈസ്റ്റോ മിക്കൊനേനുമായി സൌഹൃദത്തില്‍ ആകുന്നു .വൈകാതെ രണ്ടു പേരും കൂടെ ജയില്‍ ചാടാന്‍ പദ്ധതി യിടുന്നു .
ട്രിളോജിയിലെ താരതമ്യേന വേഗം കൂടിയ ചിത്രമായാണ് ഏരിയല്‍ എനിക്ക് അനുഭവപ്പെട്ടത് . ജയില്‍ ചാട്ട രംഗങ്ങള്‍ എല്ലാം ചിത്രത്തിന്റെ റിയലിസ്റ്റിക് സ്വഭാവത്തില്‍ നിന്നു വ്യതിചലിക്കുന്നുണ്ടെങ്കിലും രസകരമായിരുന്നു . ചെയ്യാത്ത കുറ്റത്തിന് ജയിലിലായ ടൈസ്റ്റോ ജയിലില്‍ നിന്നിറങ്ങിയതിനു ശേഷം ക്രൈമിന്റെ ലോകത്തിലേക്ക് പോകുന്നത് നമുക്ക് കാണാനാകും . എന്നിരുന്നാലും മറ്റു രണ്ടു ചിത്രങ്ങളെ പോലെ പ്രതീക്ഷയറ്റ കഥാപാത്രങ്ങള്‍ അല്ല ഇവിടെയുള്ളത് .
IMDB:7.6/10
RT :87%
3.The Match Factory Girl (1990)
Proletariat Trilogyയില്‍ എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ചിത്രമാണ് മാച്ച് ഫാക്റ്ററി ഗേള്‍ . ചിത്രത്തിലെ നായിക ഐറിസ് ഒരു തീപ്പെട്ടി കമ്പനിയിലെ ജോലിക്കാരിയാണ് . അമ്മയുടെയും രണ്ടാനച്ഛന്റെയും കൂടെയാണ് ഐറിസ് താമസിക്കുന്നത് . പകല് മുഴുവന്‍ തീപ്പെട്ടികമ്പനിയില്‍ പണിയെടുക്കുന്ന ഐറിസ് തന്നെയാണ് ശേഷം വീട് വൃത്തിയാക്കലും പാചകവുമെല്ലാം ചെയ്യുന്നത് . എങ്കിലും അമ്മയില്‍ നിന്നും രണ്ടാനച്ഛനില്‍ നിന്നും യാതൊരു തരത്തിലുള്ള അനുകമ്പയും അവള്‍ക്ക് കിട്ടാറില്ല . സുഹൃത്തുക്കളോ കാമുകനോ ഒന്നുമില്ലാത്ത ഐറിസ് ഏകാന്ത ജീവിതം ആണ് നയിക്കുന്നത് . അങ്ങനെയിരിക്കെ ഒരു ദിവസം പുത്തന്‍ വസ്ത്രം ധരിച്ചു സ്ഥലത്തെ ഡാന്‍സ് ഹാളിലേക്ക് പോകുന്ന ഐറിസിനെ നമുക്ക് കാണാം . തന്റെ ജീവിതം എത്രത്തോളം വിരസത നിറഞ്ഞതാണെന്ന് അവള്‍ക്ക് മനസിലായത് കൊണ്ടാകാം .അല്ലെങ്കില്‍ തന്നെ മനസിലാക്കുന്ന ഒരാളുടെ സാമീപ്യം അവള്‍ ആഗ്രഹിച്ചിരിക്കാം . എന്നാല്‍ പിന്നീട് ഡാന്‍സ് ഹാളില്‍ ഒറ്റക്കിരുന്നു ഓറഞ്ച് ജ്യുസ് കുടിക്കുന്ന ഐറിസിനെയാണ് സ്ക്രീനില്‍ കാണാന്‍ സാധിക്കുക . വൈറ്റ് കോളര്‍ ജോലിക്കാരനായ ആര്‍നെ ഐറിസിനെ തന്നോടൊപ്പം ക്ഷണിച്ചത് ഒരു വേശ്യയാണെന്ന് കരുതിയാണ് . ആദ്യമായി പ്രണയം എന്ന വികാരം അനുഭവിക്കുകയായിരുന്നു ഐറിസ് അപ്പോഴെല്ലാം . പിറ്റേ ദിവസം ഐറിസ് ഉണരും മുന്‍പേ സ്ഥലം കളിയാക്കുന്ന ആര്‍നെ കുറച്ചു നോട്ട് റൂമില്‍ ഉപേക്ഷിക്കാന്‍ മറന്നില്ല . പ്രണയം തലക്ക് പിടിച്ച ഐറിസ് ആകട്ടെ ആർനെയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടാകുന്നില്ല. വൈകാതെ താൻ ഗർഭിണിയാണെന്ന് ഐറിസ് മനസിലാക്കുന്നു. വിവരം ആർനെയെ അറിയിച്ചപ്പോൾ അബോർഷൻ ചെയ്യാൻ ആയിരുന്നു അയാളുടെ മറുപടി. മാനസികമായി തളർന്ന ഐറിസ് ഒരു ആക്സിഡന്റിൽ പെട്ടു കുഞ്ഞു നഷ്ടമാകുന്നു. മാതാപിതാക്കൾ ആകട്ടെ തങ്ങൾക്ക് അപമാനം വരുത്തി വെച്ചു എന്ന് പറഞ്ഞു ഐറീസിനെ വീട്ടിൽ നിന്നും ഇറക്കി വിടുകയാണ് ചെയ്തത്.
തന്നോട് മോശമായി പെരുമാറിയവരോടെല്ലാം ഐറിസ് പ്രതികാരം ചെയ്യാനൊരുങ്ങുന്നു. എലിവിഷം കലക്കി കൊടുത്തു തനിക്കു ദ്രോഹം ചെറുത്തവരെയെല്ലാം ഇല്ലായ്മ ചെയ്യുന്ന രംഗങ്ങൾ ഒരേ സമയം കോമഡി ആയും ട്രാജഡി ആയും ഫീൽ ചെയ്യും. ട്രാജഡിയേയും കോമഡിയേയും വേർതിരിക്കുന്ന ലൈൻ പലപ്പോഴും നേർത്തു വരുന്നതായി തോന്നിക്കുന്നുണ്ട് ചിത്രത്തിലുടനീളം.കാത്തി ഊട്ടിനെൻ ആണ് ഐറിസ് ആയി വേഷമിട്ടിരിക്കുന്നത്.
IMDB:7.6/10
RT :86%
വർക്കേഴ്സ് ട്രിലോജി ,അണ്ടർഡോഗ് ട്രിലോജി എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന ഈ ചിത്രങ്ങൾ കൗറിസ്മാകിയുടെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ തീർച്ചയായും കാണും . ആദ്യ ചിത്രമായ ഷാഡോസ് ഇൻ പാരഡൈസ് ഏകാന്തതയെകുറിച്ചും രണ്ടാമത്തെ ചിത്രം എരിയൽ രക്ഷപ്പെടലിനെ കുറിച്ചും മാച്ച് ഫാക്റ്ററി ഗേൾ പ്രതികാരത്തെ കുറിച്ചും ആണ് പറയുന്നത്. കൗറിസ്മാകി ചിത്രങ്ങളുടെ ശൈലിയെ പറ്റി അറിയുന്ന ഒരാൾക്ക് അത്യാവശ്യം ആസ്വദിച്ച് തന്നെ കാണാവുന്ന ചിത്രങ്ങളാണ് ഇവ.
No comments:
Post a Comment