Saturday, 14 February 2015

The Apartment (1960)

ബില്ലി  വില്‍ഡര്‍   കോമഡി  ചിത്രങ്ങളിലേക്ക്  തിരിയുമ്പോള്‍  മിക്ക  സമയത്തും  നായകന്‍  ജേക്  ലെമോണ്‍  തന്നെയായിരുന്നു  . ഇരുവരും  ഒന്നിച്ചപ്പോഴെല്ലാം  പ്രേക്ഷകരെ രസിപ്പിക്കുന്ന ഒരുപിടി  ചിത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്  ."സം ലൈക്‌  ഇറ്റ് ഹോട്ടി"ല്‍  തുടങ്ങിയ   ഈ കൂട്ടുകെട്ടിലെ   ഏറ്റവും മികച്ച ചിത്രം   ദി  അപാര്‍ട്ട്മെന്റ് ആണെന്ന്  വിശ്വസിക്കുന്നു . ഡയരക്ട്ടര്‍ -ആക്ട്ടര്‍ കെമിസ്ട്രി എന്ന പോലെ തന്നെ  സ്ക്രീനിലെ  ലീഡ്  താരങ്ങളുടെ  കെമിസ്ട്രി  കൂടി  ആയപ്പോള്‍  പിറന്നത് എക്കാലത്തെയും  മികച്ച  റൊമാന്റിക്  കോമഡി  ചിത്രങ്ങളില്‍  ഒന്നായിരുന്നു.   


ചിത്രത്തിലെ  നായകന്‍  C.C ബാക്സ്റ്റര്‍  ഒരു  നാഷണല്‍  ഇന്‍ഷുറന്‍സ് കമ്പനിയിലെ   ഉദ്യോഗസ്ഥന്‍  ആണ് . കോര്‍പറേറ്റ്  ഏണിപ്പടികള്‍  കയ്യേറാന്‍ ഉള്ള  ആഗ്രഹം കാരണം  ബാക്സ്റ്ററിന്  ഇപ്പൊ  നേരാംവണ്ണം  ഉറക്കമില്ലാതായിരിക്കുന്നു . ഉറക്കമില്ലാതായത്തിന്റെ കാരണം കമ്പനിയിലെ  നാലു  മാനേജര്‍മാരാണ് . തന്റെ  അപ്പാര്‍ട്ട്മെന്റില്‍ കയറണമെങ്കില്‍  ഇപ്പോള്‍  അവരുടെ സൗകര്യം  നോക്കണം .  ജോലിയില്‍  പ്രൊമോഷന്‍ കിട്ടുന്നതിനു ഈ  നാലു  പേര്‍  സഹായിക്കാം എന്നേറ്റിട്ടുണ്ട്  .പകരം  അവര്‍ക്ക് ചില  ഒളിച്ചു  കളികള്‍ക്ക്  തന്റെ  അപ്പാര്‍ട്ട്മെന്റ് വിട്ടു കൊടുക്കണം . നേരത്തെ  തയ്യാറാക്കിയ  ഷെഡ്യൂള്‍  പ്രകാരം  ഓരോരുത്തരും  ദിവസം  ഫിക്സ്  ചെയ്യും .ചില  ദിവസങ്ങളില്‍  മുന്നറിയിപ്പില്ലാതെ ഫ്ലാറ്റ്  ഒഴിഞ്ഞു  കൊടുക്കേണ്ടിയും  വരാറുണ്ട് ബാക്സ്റ്ററിന് .  അപ്പാര്‍ട്ട്മെന്റില്‍ നിന്നുള്ള ശബ്ദങ്ങള്‍   കാരണം അയല്വാസികള്‍ക്കു  ചെറിയ  വിരോധമുണ്ട് ബാക്സ്റ്ററിനോട്‌ . അവരുടെ  ഇടയില്‍  ബാക്സ്റ്ററിന്  ഒരു  സ്ത്രീലംബടന്റെ  ഇമേജ്  ആണുള്ളത് .

ഇതിനിടെ  ബാക്സ്റ്ററിന്  ലിഫ്റ്റില്‍  ജോലിക്ക്  നിക്കുന്ന ഫ്രാന്‍  എന്ന പെണ്‍കുട്ടിയോട്  ഇഷ്ട്ടം  തോന്നുന്നു . മനെജര്‍സ് എല്ലാം  ബാക്സ്റ്ററിനെ  കുറിച്ച്  സംസാരിക്കുന്നതില്‍  സംശയം  തോന്നിയ  പേര്സോണേല്‍ ഡയരക്ടര്‍ ഷെല്‍ഡ്രേക്ക്  ബാക്സ്റ്ററിനെ  ചോദ്യം  ചെയ്യുന്നു . കാര്യങ്ങളുടെ  കിടപ്പ്  വശം മനസ്സിലാക്കുന്ന ഷെല്‍ഡ്രേക്ക്  തന്റെ  കാമുകിയുമായി  ഡിന്നര്‍  കഴിക്കാന്‍  വേണ്ടി  അപ്പാര്ട്ട്മെന്റ്  അവശ്യപ്പെടുന്നു . ഗത്യന്തരമില്ലാതെ ബാക്സ്റ്റര്‍  സമ്മതിക്കുന്നു . ഫ്രാന്‍  ആണ്  ഷെല്‍ഡ്രേക്ക് ന്റെ  രഹസ്യ കാമുകി  എന്ന്   വൈകാതെ ബാക്സ്റ്റര്‍    മനസ്സിലാക്കുന്നു .ഷെല്‍ഡ്രേക്ക്  പോയതിനു  ശേഷം അപ്പാര്‍ട്ട്മെന്റില്‍  എത്തുന്ന  ബാക്സ്റ്റര്‍  ആത്മഹത്യക്ക്  ശ്രമിക്കുന്ന  ഫ്രാന്‍ ഇനെയാണ്  കാണുന്നത് .പിന്നീട  ചിരിപ്പിച്ചു  ഇടക്കൊക്കെ  ഒന്ന്  ഹാര്‍ട്ട്‌ ടച്ചിംഗ് ആയും  ഒക്കെ  ചിത്രം മുന്നോട്ട്  പോകുന്നു .  

ജാക്ക്  ലെമ്മോണ്‍ തന്റെ  രസികന്‍  മാനറിസങ്ങളുമായി   CC ബാക്സ്റ്ററിന്റെ  റോള്‍  മികചതാക്കിയപ്പോള്‍  ഫ്രാന്‍ ആയി  വേഷമിട്ടു ഷേര്‍ളി  മക്ലൈന്‍  പതിവ്  പോലെ  ഹൃദയം  കീഴടക്കുന്നുണ്ട്.    സം ലൈക്‌ ഇറ്റ്‌ ഹോട്ടിന്റെ വന്‍  വിജയത്തിന്   ശേഷം ബില്ലി വില്‍ഡെറും  ജാക്ക്  ലെമ്മോണും ഒരുമിച്ച  ചിത്രം  ആണ് ദി അപ്പാര്‍ട്ട്മെന്റ് .കമേര്‍ഷ്യല്‍ ആയും  ക്രിട്ടികസിന്റെ ഇടയിലും വിജയം നേടാന്‍  ഈ ചിത്രത്തിന്  സാധിച്ചിട്ടുണ്ട് .  

മികച്ച സിനിമ ,മികച്ച സംവിധാനം,തിരക്കഥ ,സൌണ്ട്   തുടങ്ങി  അഞ്ചു  കാറ്റഗറിയില്‍ ഓസ്കാര്‍  അവാര്‍ഡ്‌  ചിത്രം  കരസ്ഥമാക്കി . മികച്ച  നടന്‍ ,നടി ,എഡിറ്റിംഗ്,ചായാഗ്രഹണം  തുടങ്ങിയ  കാറ്റഗറികളില്‍  നോമിനേഷന്‍ ലഭിച്ചിരുന്നു . കെവിന്‍ സ്പേസി ക്ക്  അമേരിക്കന്‍  ബ്യൂട്ടിയിലെ  പെര്ഫോര്‍മന്സിനു  അവാര്‍ഡ്‌  ലഭിച്ചപ്പോള്‍ തന്റെ  അവാര്‍ഡ്‌  ജാക്ക്  ലെമ്മോണിന്  ഈ  ഫിലിമിലെ  പ്രകടനത്തിന് വേണ്ടി  ഡെഡിക്കേറ്റ്  ചെയ്തിരുന്നു 

മോഹന്‍ലാല്‍  പ്രിയദര്‍ശന്‍  കൂട്ടുക്കെട്ടിലെ  കോമഡി  ചിത്രങ്ങളുടെ    സ്വഭാവമുള്ള ഒരു  റൊമാന്റിക്‌  കോമഡി  ചിത്രം ആണ് ദി അപ്പാര്‍ട്ട്മെന്റ് .   റോം കോം   എന്റെ  പ്രിയപ്പെട്ട  ജോനര്‍ ഒന്നുമല്ലെങ്കിലും ചില  ചിത്രങ്ങളോട്  പ്രത്യേക  ഒരു ഇഷ്ട്ടം  തോന്നാറുണ്ട് .. അത്തരത്തില്‍  ഒഴിച്ച്  കൂടാന്‍ ആകാത്ത  ഒരു  കോമഡി  ചിത്രം ആണ് ഇത് .   

IMDB :8.4/10 

The Treasure of the Sierra Madre (1948)


ഒരു പഞ്ചതന്ത്ര കഥ  പോലെ  മനോഹരമായ  ചിത്രം 


ഫ്രെഡ് ഡോബ്സ് ഉം ബോബ് കര്ട്ടിന്‍ ഉം മെക്സിക്കോയില്‍ ജോലി തേടി അലയുന്നതിനിടയില്‍ ആണ്  പരിചിതര്‍ ആയത് . അങ്ങനെയിരിക്കെ  ഒരു ദിവസം ഡോബ്സും കര്ട്ടിനും ,  ഹോവാര്‍ഡ് എന്ന വൃദ്ധനെ  പരിചയപ്പെടാന്‍  ഇടയാകുന്നു .സിയറ മാഡ്റെ മലനിരകളില്‍  സ്വര്‍ണഖനി അന്വേഷിച്ചു  പോകുന്നതിനെ  കുറിച്ച്  ഹോവാര്‍ഡും  കര്ട്ടിനും  ഡോബ്സും  പദ്ധതിയിടുന്നു . അങ്ങനെ സിയറ മാഡ്റെ  മലനിരകളിലേക്ക്  മൂവര്‍ സങ്കം യാത്ര തിരിക്കുന്നു .

വളരെ  പരിചയ  സമ്പന്നനായ ഹോവാര്‍ഡിന്റെ  നേതൃത്വത്തില്‍ വേട്ടയ്ക്ക്  ഇറങ്ങിയവര്‍ എന്ന ഭാവേന അവര്‍  സിയറ മാഡ്റെ മലനിരകളില്‍  സ്വരണ ഖനനം ആരംഭിക്കുന്നു . കിട്ടുന്നത്  മൂന്നായി  അപ്പപ്പോള്‍  തന്നെ  പങ്ക്  വെക്കാന്‍ തീരുമാനമാകുന്നു . പോകെ  പോകെ  അവര്‍ക്ക് തമ്മില്‍ തമ്മിലുള്ള  വിശ്വാസം നഷ്ടപെടുന്നു . മൂന്നു  പേരുടെയും  ഉറക്കം നഷ്ട്ടപ്പെടുന്നു . 

ഡോബ്സ്  കുറച്ചു  പരുക്കന്‍  സ്വഭാവക്കാരനാണ് . കര്ട്ടിന്‍  തന്റെ  ഓഹരി  അപഹരിക്കാന്‍  ശ്രമിച്ചു  എന്നാരോപിച്ച് ഡോബ്സും കര്ട്ടിനും തമ്മില്‍  ഒരു  സംഘര്‍ഷത്തിന്റെ  വക്കില്‍ വരെ  എത്തുന്നു    . അങ്ങനെയിരിക്കെ ഒരു  ദിവസം കോഡി എന്ന ഒരു  അപരിചിതന്‍  ഇവര്‍ക്കിടയിലേക്ക്  കടന്നു  വരുന്നു . അയാളെയും  സംഘത്തില്‍  ചേര്‍ക്കണം  എന്നവശ്യപ്പെടുന്നു .
കോഡിയെ  എന്ത്  ചെയ്യണം എന്നലോചിചിരിക്കെ  ഒരു  സംഘം  കൊള്ളക്കാര്‍  അവിടെ  എത്തുന്നു . കൊള്ളക്കാര്‍ , എങ്ങു നിന്നോ  വന്ന  ഒരപരിചിതന്‍, ഇതിനെല്ലാം പുറമേ  പരസ്പരം  വിശ്വാസമില്ലായ്മ  എല്ലാം  കൊണ്ടും  പ്രേക്ഷകന് ഉദ്വേഗജനകമായ  നിമിഷങ്ങള്‍ ആണ്  സമ്മാനിക്കുന്നത് .

ഒരേ ചിത്രത്തില്‍ അച്ഛനും മകനും ഓസ്കാര്‍ അവാര്‍ഡ്‌  കരസ്ഥമാക്കിയ കഥയും പറയുന്നുണ്ട്  ചിത്രം .  ചിത്രത്തിന്റെ  സംവിധായകന്‍ ജോണ്‍ ഹസ്റ്റണ്‍  മികച്ച ഡയരക്ടര്‍ ക്കും മികച്ച തിരക്കഥക്കുമുള്ള  അക്കാദമി അവാര്‍ഡ്‌  കരസ്ഥമാക്കിയപ്പോള്‍ പുള്ളിയുടെ  അച്ഛന്‍  വാള്‍ട്ടര്‍ ഹസ്റ്റണ്‍ , ഹോവാര്‍ഡ് എന്ന കഥാപാത്രത്തെ  അവതരിപ്പിച്ചതിന് മികച്ച  മികച്ച  സപ്പോര്‍ടിംഗ് ആക്ടര്‍ ക്കുള്ള  അവാര്‍ഡ്‌ കരസ്ഥമാക്കി . 

ചുരുങ്ങിയ  ചിത്രങ്ങള്‍  കൊണ്ട്  എന്റെ  പ്രിയനടന്മാരില്‍ ഇടം പിടിച്ച    Humphrey Bogart ഡോബ്സ് എന്ന കഥാപാത്രത്തെ  അനശ്വരമാക്കിയിട്ടുണ്ട് . അല്ലെങ്കിലും റഫ് കഥാപാത്രങ്ങളെ  അവതരിപ്പിക്കാന്‍  പുള്ളിക്ക്  ഒരു  പ്രത്യേക കഴിവുണ്ട് .കര്ട്ടിന്‍ ആയി  അഭിനയിച്ച  നടനും കൊള്ളാമായിരുന്നു .ചിത്രത്തിന്റെ  മ്യൂസിക്കും  എടുത്തു  പറയേണ്ടതാണ്‌ .

 പണം ആളെകൊല്ലിയാണ്  എന്ന്  പാക്കനാര്‍ പറഞ്ഞതിനെ  ശരി വെക്കുന്ന  ചിത്രമാണ്‌ ട്രെഷര്‍ ഓഫ് സിയറ മാഡ്റെ . വളരെ  മനോഹരമായ ഒരു ക്ലൈമാക്സ്‌ ഉം  ചിത്രത്തെ  മികച്ചതാക്കുന്നു . ഓരോ  രംഗവും   മാസ്റ്റര്‍പീസ്‌  എന്ന്  വിളിചോതുന്നുണ്ട് ഈ  അഡ്വെഞ്ചര്‍ ഡ്രാമ  .

ചുരുക്കം  ചിത്രങ്ങല്‍ക്കെ പത്തില്‍ പത്തു റേറ്റ് കൊടുക്കാന്‍ യോഗ്യത  ഉള്ളൂ .. അത്തരത്തില്‍  ഒരു ചിത്രം ആണ് ഇത് ..ഏതൊരു ലോക സിനിമ സ്നേഹിയും കണ്ടിരിക്കേണ്ട ചിത്രം 

IMDB :8.4/10
  


The Celebration (Festen) [1998]


DOGME95 നു  തുടക്കമിട്ട  ആഘോഷം  
smile emoticon
ഡെന്മാര്‍ക്കിലെ അറിയപ്പെടുന്ന ബിസിനസ്‌മാനായ 'ഹെല്‍ജ്' തന്റെ അറുപതാം പിറന്നാള്‍ ഫാമിലിയും ഫ്രണ്ട്സുമൊത്ത് ആഘോഷിക്കുകയാണ് . നാട് വിട്ടുപോയ മൂത്തമകന്‍ 'ക്രിസ്റ്റ്യന്‍ ' ,ഇളയ മകന്‍ 'മൈക്കിള്‍ ', മകള്‍ 'ഹെലെന്‍ ' തുടങ്ങി അടുത്തതും അകന്നതുമായ ബന്ധുക്കള്‍ ഒക്കെ നേരത്തെ തന്നെ ഹാജരാണ് . ക്രിസ്റ്റ്യന്റെ ഇരട്ട സഹോദരി 'ലിന്റ ' സൂയിസൈഡ് ചെയ്തിട്ടു ഒരുപാടു നാള്‍ ആയിട്ടില്ല . അങ്ങനെ ആഘോഷ പരിപാടികള്‍ തുടങ്ങുന്നു . പരിപാടിക്കിടെ ക്രിസ്റ്റ്യന്‍ തന്റെ പിതാവിനെതിരെ ഞെട്ടിക്കുന്ന ചില ആരോപണങ്ങള്‍ ഉന്നയിക്കുന്നു . ചെറുപ്പത്തില്‍ തന്നെയും തന്റെ സഹോദരി ലിന്റയെയും ഹെല്‍ജ് ലൈംഗികമായി പീടിപ്പിച്ചിരുന്നു എന്നും തന്റെ സഹോദരി മരിച്ചതിന്റെ ഉത്തരവാദി സ്വന്തം പിതാവാണെന്നും ക്രിസ്റ്റ്യന്‍ ആരോപിക്കുന്നു .അതോടെ ഞെട്ടിപ്പിക്കുന്ന പല രഹസ്യങ്ങളുടെയും ചുരുളുകള്‍ അഴിയുന്നു. . പ്രേക്ഷകര്‍ക്കൊരുക്കിയ ആഘോഷവിരുന്നു ആണ് പിന്നീട് സ്ക്രീനില്‍ .

ചിത്രത്തിന്‍റെ സംവിധായകന്‍ തോമസ്‌ വിന്റെര്‍ബര്‍ഗും മറ്റു ചില സംവിധായകരും ഒരുമിച്ച് ക്രിയേറ്റ് ചെയ്ത Dogme 95 എന്ന സംരംഭത്തിലെ ആദ്യ ചിത്രമായിരുന്നു ദി സെലിബ്രേഷന്‍ . Dogme 95 നിയമ പ്രകാരം കുറഞ്ഞ ചിലവില്‍ ഹാന്‍ഡ്‌ ഹെല്‍ഡ് ക്യാമറ ഉപയോഗിച്ച് നിര്‍മിച്ച ചിത്രമാണ്‌ ഇത് . ഈ ചിത്രം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയത് Dogme 95 ന്റെ വിജയത്തിന് കാരണമായി . 

ഒരു മണിക്കൂര്‍ നാല്‍പ്പത് മിനുറ്റ് രസിച്ചിരുന്നു കാണാവുന്ന ചിത്രമാണ്‌ ഫെസ്റ്റെന്‍ .അത്യാവശ്യം ഡാര്‍ക്ക്‌ കോമഡികളും ഉണ്ട് ചിത്രത്തില്‍ . അമിത നാടകീയ സന്ദര്‍ഭങ്ങളോ മ്യൂസിക്‌ അകമ്പടിയോ ഒന്നും ഈ ചിത്രത്തില്‍ കാണാനാകില്ല .എന്നിരുന്നാലും ചിത്രം എന്റര്‍ടൈന്‍ ചെയ്യുന്നുണ്ട് . 
തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ഡാനിഷ് ചിത്രം 
IMDB :8.1/10

Thursday, 12 February 2015

The Wages of Fear(1953)


"നൈട്രോ ഗ്ലിസറിൻ" എന്ന അപകടകാരിയായ രാസദ്രാവകവുമായി ദക്ഷിണ അമേരിക്കന്‍ മരുപ്രദേശങ്ങളിലൂടെയുള്ള ഒരു യാത്ര . 

മരുഭൂമികളാല്‍ ചുറ്റപ്പെട്ടിരിക്കുന്ന മെക്സിക്കോയിലെ ഒരു കൊച്ചു നഗരത്തില്‍ ആണ് അമേരിക്കന്‍ കമ്പനിയായ സൗത്തേര്‍ണ്‍ ഓയില്‍ കമ്പനി (SOC)സ്ഥിതി ചെയ്യുന്നത് . കമ്പനിയെ കുറിച്ച് അന്തെവസികള്‍ക്ക് അത്ര നല്ല അഭിപ്രയമാല്ലെങ്കിലും അവരില്‍ പലരുടെയും ജീവിതം കമ്പനിയെ ആശ്രയിച്ചാണ്‌ . അങ്ങനെയിരിക്കെ 300 മൈലുകള്‍ക്കപ്പുറം കമ്പനിയുടെ ഉടമസ്ഥയിലുള്ള ഒരു ഓയില്‍ കിണറിനു തീ പിടിക്കുന്നു . തീ അണക്കാന്‍ ഉള്ള ഒരേ ഒരു മാര്‍ഗം "നൈട്രോ ഗ്ലിസറിന്‍ " ആണ് . വളരെ അപകടകാരിയും അണ്‍ സ്റ്റെബിളും ആയ നൈട്രൊഗ്ലിസറിന്‍ കൊണ്ട് പോകാന്‍ കമ്പനി തൊഴിലാളികള്‍ വിസമ്മതിക്കുന്നു .അതീവ ദുഷ്ക്കരമായ റോഡ്‌ മാര്‍ഗം നൈട്രൊഗ്ലിസറിന്‍ നിറച്ച ട്രക്കുകള്‍ അത്രയും ദൂരം താണ്ടി പോവുക എന്നത് സ്യൂയിസൈഡ് ചെയ്യുന്നതിന് സമം ആണെന്ന് അവര്‍ക്കറിയാമായിരുന്നു . കമ്പനി ഫോര്‍മാന്‍ ആയ Bill O'Brien സ്ഥലത്തെ ലോക്കല്‍സില്‍ നിന്നും ആളുകളെ റിക്രൂട്ട് ചെയ്യാന്‍ തീരുമാനിക്കുന്നു . ഓരോ ഡ്രൈവര്‍ക്കും 2000 ഡോളര്‍ തുക കരാര്‍ പ്രഖ്യാപിക്കുന്നു. 

സ്ഥലത്തെ അന്തേവാസികളില്‍ ഒരു വിഭാഗം മറ്റു നഗരങ്ങളില്‍ നിന്ന് കുടിയേറി വന്നവരാണ് . എങ്ങും എത്താതെ പ്രതീക്ഷയറ്റ ജീവിതം നയിക്കുന്നവരാണ്‌ അവരില്‍ പലരും . 2000 ഡോളര്‍ സമ്പാദിക്കാനായി അവരില്‍ പലരും ജോലിയുടെ അപകടം ഗൌനിക്കാതെ മുന്നോട്ട് വരുന്നു . കൂട്ടത്തില്‍ നിന്നും മാരിയോ ,ല്യൂജി ,ബിംബ ,ജോ എന്നീ നാലു പേരെ തിരഞ്ഞെടുക്കുന്നു . മാരിയോ ഒരു പ്ലേബോയ്‌ ആണ് . മാരിയോയുടെ റൂം മേറ്റ് ആണ് ല്യൂജി .തന്റെ ശ്വാസകോശത്തില്‍ സിമന്റ്‌ പൊടി അംശം കലര്‍ന്നതിനാല്‍ ബുദ്ധിമുട്ടുന്ന ല്യൂജിക്ക് സ്വന്തം രാജ്യമായ ഇറ്റലിയിലേക്ക് തിരിച്ചു പോകാന്‍ ഈ ജോലി അത്യാവശ്യമായിരുന്നു .സ്വതവേ ശാന്തപ്രകൃതക്കാരനായ ബിംബ ജര്‍മന്‍ പൌരന്‍ ആണ് . ജോ ഒരു എക്സ് ഗാംഗ്സ്റ്റര്‍ ആണ് . ജോ ഇവരുടെ കമ്മ്യൂണിറ്റിയില്‍ എത്തിയിട്ട് അധികനാളായിട്ടില്ല . ജോയുടെ അധികാര സ്വരവും പെട്ടെന്ന് ചൂടാകുന്ന പ്രകൃതവും കാരണം ഭൂരിഭാഗം പേരുടെയും വെറുപ്പ്‌ ഇതിനോടകം സമ്പാദിച്ചിട്ടുണ്ട് . തന്റെ നാടായ പാരീസില്‍ നിന്നാണ് വരുന്നത് എന്ന കാരണം കൊണ്ട് മാരിയോ ജോയുമായി സൗഹൃദം സൂക്ഷിക്കുന്നുണ്ട് . നാലു പേരും ചാവേര്‍ ദൗത്യത്തിന് പുറപ്പെടുന്നു .
രണ്ടു ട്രക്കുകളിലായാണ് നൈട്രൊഗ്ലിസറിന്‍ കൊണ്ട് പോകേണ്ടത് .ആദ്യത്തെ ട്രക്കില്‍ മാരിയോയും ജോയും പോകുന്നു . അര മണിക്കൂര്‍ വ്യത്യാസത്തില്‍ പുറകിലെ ട്രക്കില്‍ ല്യൂജിയും ബിംബയും . ഒരു നേരിയ വ്യതിയാനം പോലും വലിയൊരു പൊട്ടിത്തെറിക്കു കാരണമാകും .വഴിയില്‍ മാനസികമായും ശാരീരികമായും ഉള്ള തടസ്സങ്ങള്‍ അവരെ കാത്തിരിക്കുന്നതറിയാതെ ട്രക്കുകള്‍ ഓടി കൊണ്ടിരിക്കുന്നു .
പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഫ്രഞ്ച് ഇറ്റാലിയന്‍ ത്രില്ലെര്‍ ആണ് The Wages of Fear . ആദ്യഭാഗത്തെ കഥാപാത്ര വികസനത്തിന്‌ വേണ്ടിയുള്ള കുറച്ചു രംഗങ്ങള്‍ ചെറിയ ഒരു ഇഴച്ചില്‍ തോന്നുമെങ്കിലും പിന്നീട് അങ്ങോട്ട് ഒരു നിമിഷം പോലും സ്ക്രീനില്‍ നിന്ന് കണ്ണെടുക്കാന്‍ തോന്നില്ല . ഈ ചിത്രം തിയ്യേറ്ററില്‍ നിന്നും കണ്ട ഒരാളുടെ അനുഭവ കുറിപ്പ് എവിടെയോ വായിച്ചിട്ടുണ്ട് "ഏതു നിമിഷവും തിയ്യേറ്ററില്‍ പൊട്ടിത്തെറി നടക്കും എന്ന വിധത്തിലാണ് ഞങ്ങള്‍ ചിത്രം കണ്ടത് "എന്ന് . ഭയം ആളുകളെ എങ്ങനെ ചേഞ്ച്‌ ചെയ്യും എന്നും ചിത്രം പറയുന്നുണ്ട് . 
മുഖ്യ കഥാപാത്രങ്ങളെല്ലാം മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത് . 
എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്ന് 
IMDB :8.3/10

Thursday, 5 February 2015

Yennai Arindhal


മങ്കാത്തക്ക് ശേഷം ഇറങ്ങിയ ഏറ്റവും മികച്ച അജിത്ത് ഫിലിം 

ഗൌതം മേനോനും അജിത്തും ചേര്‍ന്നു ഒരു പടം ചെയ്യുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ തന്നെ ഉറപ്പിച്ചതാണ് ആദ്യദിനം തന്നെ കാണുമെന്ന്‍ . ഇവര്‍ തമ്മില്‍ ഒന്നിക്കുമ്പോള്‍ പടം എങ്ങനെയായിരിക്കും എന്നൊരു ഏകദേശ ധാരണ ഉണ്ടായിരുന്നു എനിക്ക് .പ്രതീക്ഷ തെറ്റിച്ചില്ല എന്ന് മാത്രമല്ല എന്റെ പ്രതീക്ഷയിലും ഒരു പടി മുന്നില്‍ നിന്നു ചിത്രം . 
എന്നൈ അറിന്താല്‍ ഒരു പക്ഷെ ഗൌതം മേനോന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ ചിത്രമായിരിക്കും ..തന്റെ Cop Trilogy യിലെ അവസാന ചിത്രം എന്ന നിലയില്‍ മറ്റു ചിത്രങ്ങളുമായി പ്രേക്ഷകര്‍ താരതമ്യം ചെയ്യും എന്നത് ഒന്നാമത്തെ വെല്ലു വിളി . തല അജിത്ത് എന്ന മാസ് ഹീറോയെ തന്റെ പടത്തില്‍ കാസ്റ്റ് ചെയ്യുമ്പോള്‍ രണ്ടു വിഭാഗം പ്രേക്ഷകരെ തൃപ്തിപ്പെടുത്തുക എന്നത് മറ്റൊരു വെല്ലുവിളി .എന്തായാലും പുള്ളിയുടെ ഹാര്‍ഡ് വര്‍ക്ക് ഫലം കണ്ടു എന്ന് തന്നെ പറയാം .
സത്യ ദേവ് എന്ന പോലീസ് ഓഫീസറുടെ ജീവിതത്തിലെ പല ഏടുകളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് . തല അജിത്ത് സത്യ ദേവ് ആയി തിളങ്ങി .ഈ മനുഷ്യന്റെ സ്ക്രീന്‍ പ്രെസന്‍സ് എത്ര വര്‍ണിച്ചാലും മതിയാകില്ല .. താടി വെച്ചും താടി എടുത്തും സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ ലൂക്കിലും എല്ലാം പുള്ളി വരുമ്പോള്‍ അറിയാതെ കയ്യടിച്ചു പോകും . സത്യ ദേവ് ആയി അജിത്ത് സ്ക്രീനില്‍ വന്നപ്പോള്‍ പോലിസ് വേഷത്തിന്റെ പരിപൂര്‍ണത ആയിരുന്നു.
നായകനോട് കിട പിടിക്കുന്ന വില്ലന്മാര്‍ വല്ലപ്പോഴും ഒക്കെയേ ഉണ്ടാകാറുള്ളൂ . ഇതിലെ അരുണ്‍ വിജയ്‌ അവതരിപ്പിച്ച വിക്ടര്‍ എന്ന കഥാപാത്രം അത്തരത്തിലൊന്നായിരുന്നു . കിടിലന്‍ വില്ലന്‍ റോള്‍ . ഇനി വരുന്നത് അരുണ്‍ വിജയ്‌ യുടെ നാളുകളാണെന്നു മനസ്സ് പറയുന്നു . 
ഹാരിസ് ജയരാജിന്റെ മികച്ച സംഗീതം ചിത്രത്തെ മറ്റൊരു തലത്തിലെതിക്കുന്നു .. BGM ഒരു രക്ഷയുമില്ല . പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന BGM . അജിത്ത് - ത്രിഷ രംഗങ്ങള്‍ ഒക്കെ വളരെ നന്നായി .. തല വീണ്ടും കാതല്‍ മന്നനായി .വിവേക് ,ബേബി അനിഘ ഒക്കെ വളരെ നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ട്. 
ഒരേ സമയം ക്ലാസ്സ്‌ ചിത്രമായും മാസ് ചിത്രമായും തോന്നിപ്പിക്കുന്നുണ്ട് എന്നൈ അറിന്താല്‍ .. ഗൌതം മേനോന്‍ അജിത്ത് കോമ്പിനേഷനില്‍ ഇനിയും ചിത്രം വരണം എന്ന് ആഗ്രഹിക്കുന്നു .

The Trouble with Harry (1955)


ആല്‍ഫ്രഡ്‌ ഹിച്ച് കോക്ക് ചിത്രങ്ങങ്ങളുടെ ഒരു ആരാധകന്‍ ആണ് ഞാന്‍ .. പുള്ളിയുടെ ചിത്രങ്ങളുടെ ഒരു കളക്ഷന്‍ ഇപ്പോഴും കളയാതെ സൂക്ഷിച്ചിട്ടുണ്ട് . എന്നിട്ടും ഈ ചിത്രം കാണാന്‍ ഇത് വരെ ശ്രമിച്ചില്ല .ഒരു പക്ഷെ മറ്റു ചിത്രങ്ങളെ പോലെ വമ്പന്‍ റേറ്റിംഗ് ഒന്നും കാണാത്തത് കൊണ്ടാകാം . ഒരു കോമഡി ചിത്രം ഹിച്കോക്കില്‍ നിന്ന് പ്രതീക്ഷിക്കാത്തത് കൊണ്ടായിരിക്കാം . എന്ത് തന്നെയാണെങ്കിലും എന്റെ ധാരണകള്‍ തെറ്റായിരുന്നു എന്ന് തെളിയിച്ചു ഈ ചിത്രം .

വെര്മോന്റിലെ ഒരു മനോഹര ഗ്രാമത്തില്‍ ആണ് ചിത്രം തുടങ്ങുന്നത് ..മനോഹരമായ ദ്രിശ്യ ഭംഗി കൊണ്ട് സമ്പന്നമായ ഒരു കൊച്ചുഗ്രാമം . ഗ്രാമത്തിലെ കുന്നിന്‍ ചെരുവില്‍ ഒരു ഡെഡ് ബോഡി കണ്ടെത്തുമ്പോള്‍ ഉണ്ടാകുന്ന രസകരമായ സംഭവങ്ങള്‍ ആണ് ചിത്രം പറയുന്നത് . മൃതദേഹത്തിന്റെ ഉടമ ഹാരി വോര്പ് ആണ് . കുന്നിന്‍ ചെരുവില്‍ വേട്ടക്കിറങ്ങിയ ക്യാപ്റ്റന്‍ വൈല്സ് കരുതുന്നത് തന്റെ തോക്കില്‍ നിന്നുമുള്ള വെടിയേറ്റാണ് ഹാരി മരിച്ചത് എന്നാണ് ..എന്നാല്‍ മിസ് Gravely എന്ന മധ്യവയസ്ക കരുതുന്നത് തന്റെ ചെരുപ്പ് കൊണ്ടുള്ള അടിയെറ്റാണ് ഹാരി മരണപ്പെട്ടത് എന്നാണ് . അതേസമയം ഹാരി മരണത്തിനുത്തരവാദി താനാണെന്നാണ് ഹാരിയുടെ ഭാര്യ മിസ്സിസ് റോജര്‍സ് കരുതുന്നത്. ഹാരിയെ കൊണ്ടുള്ള ബുദ്ധിമുട്ട് ഇല്ലാതാക്കാന്‍ ഇവര് മൂന്നു പേരും പിന്നെ സാം എന്ന ചിത്രകാരനും കൂടി ശ്രമിക്കുന്നതാണ് ബാക്കി ചിത്രം .സ്ഥലത്തെ ഷെറിഫ് കാല്‍വിന്‍ വിഗ്ഗ്സിനു സംശയം ഉണ്ടാകാതെ നോക്കുകയും വേണം .
ഒരുപാട് നര്‍മ മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട് . മര്‍ഡര്‍ മിസ്റ്ററികളുടെ അപ്പൊസ്തലനായ ഹിച് കോക്ക് കോമഡി ചിത്രം ചെയ്തപ്പോള്‍ അതും ഒരു മര്‍ഡറിനെ ചുറ്റിപറ്റിയാണ് എടുത്തത്‌ . വളരെ ആസ്വാദ്യകരമായ ഈ ചിത്രം ബോക്സ്‌ ഓഫീസില്‍ പരാജയമായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ കണ്ടു പതിവ് പോലെ ഒരു മര്‍ഡര്‍ മിസ്റ്ററി പ്രതീക്ഷിച്ചു പോയത് കൊണ്ടാകണം . മികച്ച അഭിനേതാക്കളും കഥാ സന്ദര്‍ഭങ്ങളുമടങ്ങിയ ഒരു കോമഡി ത്രില്ലെര്‍ എന്ന് വിശേഷിപ്പിക്കാം ഈ ചിത്രത്തെ .
പതിവ് പോലെ ഈ ചിത്രത്തിലും ഹിച് കോക്ക് തല കാണിക്കുന്നുണ്ട് . ഈ ചിത്രത്തിലൂടെ പുള്ളിയോടുള്ള ഇഷ്ട്ടം ഒന്ന് കൂടെ കൂടിയിട്ടുണ്ട്.പുള്ളിയുടെ ഹ്യൂമര്‍ സെന്‍സ് സമ്മതിക്കണം . മനോഹരമായ സീനരികളാണ്‌ ചിത്രത്തിലുള്ളത് .കോമഡി മിസ്റ്ററി ത്രില്ലെര്‍ ചിത്രങ്ങള്‍ ഇഷ്ട്ടമുള്ളവര്‍ കാണുക .ഹിച് കോക്ക് ആരാധകര്‍ ഒരു കാരണവശാലും മിസ്സ്‌ ആക്കരുത് .
IMDB:7.2/10 RT:90%